Saturday, 9 January 2016

Friday, 8 January 2016

ദേവസ്ഥാനാനുഭവം

വഴിതെറ്റി ഒരു കാട്ടിലൂടെ പോവുകയാണെന്ന് കരുതുക. കയ്യിലുണ്ടായിരുന്ന ചൂട്ടു വെളിച്ചം എപ്പോഴോ കെട്ടു. കണ്ണിന് മുന്നിൽ കൊഴുത്ത് തങ്ങി നില്കുന്ന ഇരുട്ടും വനമിടിപ്പുകളും പിന്നെ ഇരുമുടിക്കെട്ടും മാത്രം കൂട്ട്. ചവിട്ടുന്നത് കല്ലിലും മുള്ളിലും. കുറ്റിക്കാടുകൾ തിളങ്ങുന്ന കണ്ണുകൾ കൊണ്ട് നിരീക്ഷിക്കുന്നു. നടന്നു നടന്നെത്തുന്നതോ വീണ്ടും പഴയ വഴിയിലേയ്ക്ക്.  പാദങ്ങളിൽ വഴുക്കുന്നതെന്തോ പരതുന്ന പോലെ. ഹതാശനായി കീഴടങ്ങി നിൽക്കുമ്പോൾ അതാ കാണുന്നു താഴ്വാരത്തിലേയ്ക്ക് ഇറങ്ങി പോകുന്ന പൊത്തിപ്പിടിച്ചൊരു ഒരു കൊച്ചു വെളിച്ചം. ഹൃദയം കയ്യിലെടുത്ത് വെളിച്ചത്തിനു പിന്നാലെ പാഞ്ഞ് മണ്‍പടികളിറങ്ങി എത്തുന്നത് ഒരു കൽ മണ്ഡപത്തിൽ. തണുത്ത കാറ്റിൽ ആയിരം അരണ്ട ജിമുക്കുകളിളക്കി ഒരാൽ മരം അരികെ. അകലെയല്ലാതെ തെളിനീരരുവിയിലേയ്ക്കൊരു കൽപ്പടവ്‌. സംശയിച്ച് നിൽക്കുമ്പോൾ തോളിൽ ഒരു നനുത്ത കരസ്പർശം. സുസ്മേര വദനനായി അയ്യപ്പസ്വാമി! വിധേയനായി കൂടെ പുലിയും. വിശേഷങ്ങളും ഇരുമുടിക്കെട്ടിലുള്ളതും പങ്ക് വെച്ച് നന്നായി ഉറങ്ങിയെണീക്കുന്നത് രാവിൻറെ നടുവിലേയ്ക്ക്. ഒത്തിരി ദൂരെ, വനമുകളിലേയ്ക്ക് നീളുന്ന പാതയിൽ തിരക്കിട്ട വാഹനങ്ങളുടെ പ്രകാശശ്രേണി പൊന്നമ്പലമേട് വരെ. മറുവശത്ത് മണ്ഡപത്തിൽ നിന്നും പിന്നെയും നീളുന്ന വഴികൾ താഴ്വാരങ്ങളിലൂടെ, അങ്ങ് കടൽ വരെ.   മുട്ടവിളക്കും കയ്യിലേന്തി സ്വാമി നടക്കുന്നു, മുന്നേ, കടലിൻറെ വഴിയിലേയ്ക്ക്.

ഞാനിഷ്ടപ്പെടുന്ന ദേവസ്ഥാനാനുഭവം അങ്ങനെ.



കുമളിയിലെയ്ക്കുള്ള വഴിയിൽ കണ്ട പട്ടുമല പള്ളിയിൽ  കൗതുകം  തോന്നി കേറിയതാണ്. തേയില ത്തോട്ടത്തിനു നടുവിൽ ഒരു സ്വപ്ന സൗധം. ചന്ദ്രനുദിച്ച സന്ധ്യാസമയവും ഡിസംബറിലെ തണുപ്പും കൂടിയായപ്പോൾ ശരിക്കും ഒരു ഡിസ്നി ചിത്രത്തിലേയ്ക്ക് കയറിപ്പോയ പ്രതീതി. തീർത്ഥാടകരെ ഉന്നം വെച്ചുള്ള കച്ചവടങ്ങൾ തകൃതിയായി നടക്കുന്നുണ്ട് എന്നതിന് കത്തിച്ച് തീർത്തതും തീർന്നു കൊണ്ടിരിക്കുന്നതുമായ മെഴുകുതിരികൾ തെളിവ്.



ഇവിടെ, കന്യകാമറിയം ദർശനം നല്കി എന്ന് വിശ്വസിക്കപ്പെടുന്നു. അതുമായി ബന്ധപ്പെട്ടു വലിയൊരു കോണ്‍ക്രീറ്റ് മരം പണി തീരുന്നുണ്ട്. കച്ചവടം പൊടിപൊടിക്കുമെന്ന് സാരം.



അമ്മ സങ്കല്പം എല്ലാ മതങ്ങളിലും ഒരുപോലെ. കന്യകാമറിയം നമ്മുടെ സ്വന്തം ദുർഗ തന്നെ. എത്ര ഭാവങ്ങളാണ് ദേവിയ്ക്ക്. രക്ഷയുടെ, ശിക്ഷയുടെ, സ്നേഹത്തിൻറെ, പ്രതികാരത്തിൻറെ. സഹജഭാവങ്ങളുടെ പ്രതീകാത്മ കമായ ആവിഷ്ക്കാരങ്ങൾക്ക് ഇന്ദ്രിയങ്ങൾക്ക്  സംവേദ്യമായ പേരുകൾ കൊടുത്താൽ അവ ദൈവങ്ങളായി.

ഒരു ആരാധനാലയത്തിന്റെ വിശുദ്ധി ഗ്രന്ഥങ്ങളിൽ പറയുന്ന പ്രഖ്യാപിത ദൈവത്തിന്റെ സാന്നിധ്യമല്ല. മറിച്ച് അവിടം സന്ദർശിക്കുമ്പോൾ മനസ്സിൽ നിറയുന്ന പ്രശാന്തതയും കുളിരുമാണ്.  ഇന്നത്തെ പള്ളികൾക്കും ക്ഷേത്രങ്ങൾക്കും നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നതും അത് തന്നെ. പ്രധാന മന്ദിരത്തിനു ചുറ്റും തറയോടിട്ട്, ഒരു കമ്മ്യൂണിറ്റി ഹാളും കെട്ടി, പൂർവ്വപ്രതാപ പുരാവസ്തുക്കളെ ചില്ല് കൂട്ടിലും മണ്ഡപങ്ങളിലും പ്രതിഷ്ഠിച്ച്, കുറെ കടമുറികളും പണിത്, ആധുനികതയുടെ അലൂമിനിയം ഷീറ്റും താങ്ങി എത്രയോ പഴയ ആരാധനാലയങ്ങളാണ് ഇക്കാലത്ത് മെനകെട്ട് നില്ക്കുന്നത്.