Wednesday, 17 December 2014

ഗുരുപുരാണം - ഒന്ന്

പരശുരാമൻ എന്ന് ഞാൻ മനസ്സാ വിളിക്കുന്ന മരം വെട്ടുകാരൻ നാരായണൻ ആണ് എന്റെ ഗുരു. അങ്ങേരെന്റെ ഗുരുവായതിന് പിന്നിൽ വലിയൊരു ചരിത്രമുണ്ട്. പാലപ്പറമ്പിൽ മോഹനൻ പിള്ളയും ഈ നാരായണനും തമ്മിൽ കാലാകാലങ്ങളിലുണ്ടായ മാത്സര്യങ്ങളുടെ ചരിത്രം. ആ മത്സരങ്ങൾ തുടങ്ങുന്നത് നാരായണൻ സദുദ്ദേശത്തോടെ പിള്ളയ്ക്ക് കൊടുത്ത ഒരു മുന്നറിയിപ്പിൽ നിന്നാണ്.

അതിങ്ങനെ..

ഒരു ദിവസം കളത്തിൽ അമ്പലത്തിലേക്കുള്ള വഴിയിൽ വെച്ച് പിള്ളയെ കാത്ത് നിന്നിരുന്ന നാരായണൻ പറയുന്നു, "മോഹനാ, ഇന്ന് പല്ലുവേലി വെളി വഴി പോകരുത്. അപകടമാണ്". ആ മുന്നറിയിപ്പിന് പുല്ല് വില കല്പിക്കാതെ പോയ പിള്ള അന്ന് തിരിച്ചു വന്നില്ല. കയ്യും കാലും ഒടിഞ്ഞ് സെന്തോമസ് ആശുപത്രിയിൽ കിടന്ന പിള്ളയ്ക്ക് മാസങ്ങൾക്ക് ശേഷമാണ് എണീറ്റ്‌ നടക്കാനായത്.

ആ സംഭവമാണ് നാരായണനിൽ എന്റെ ഗുരുവിനെ കണ്ടെത്തുന്നതിലേക്ക് എത്തിച്ച ഒന്നാമത്തെ നിമിത്തം. നാരായണൻ അന്ന് മുതൽ പിള്ളയ്ക്ക് കൊടുത്ത് തുടങ്ങിയ ഉപദേശ ശ്രേണി പിന്നീട് പള്ളിപ്പുറത്തിന്റെ ചരിത്രത്തിൽ തന്നെ സ്വർണലിപികളാൽ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു.

പിള്ളയാകട്ടെ, ഈ മുന്നറിയിപ്പുകളും പ്രവചനങ്ങളും ലേശം വകവെക്കാതെ പിന്നെയും അബദ്ധങ്ങളിലും അപകടങ്ങളിലും പെട്ടുകൊണ്ടേയിരുന്നു.

ഒരു ദിവസം പിള്ള സ്ഥിരം വെളിക്കിരിക്കുന്നിടത്ത് വെച്ച് പാമ്പ് കടിയേറ്റത് ഈ സ്പർധ വീണ്ടും വർദ്ധിക്കാനിടയാക്കി. കാട്ട്താളുകൾക്കും കൂവകൾക്കും ഇടയിൽ ഇങ്ങനൊരു വിപത്ത് പതിയിരിക്കുന്നുണ്ടാവുമെന്ന് ഞങ്ങളുടെ നാട്ടിലാരും അന്ന് വരെ കരുതിയിരുന്നില്ല. എന്നാൽ, നാരായണൻ തലേന്ന് മുന്നറിയിപ്പ് കൊടുത്തിരുന്നത്രേ, "മോഹനാ, ആ താളിന്റെ എടയ്ക്കുള്ള ഇരിപ്പ് അത്ര ശരിയല്ല കേട്ടോ" എന്ന്. ചമരിക്കാതെ ആണെങ്കിലും ഓടി ആശുപത്രിയിലെത്തി രക്ഷപെട്ട പിള്ള നാണക്കേട് കൊണ്ട് ഏറെക്കാലം പുറത്തിറങ്ങിയതേയില്ല. തോട് നികർത്താൻ കൊണ്ട് വന്ന കിഴക്കൻ പൂഴിക്കൊപ്പം വന്ന കാർക്കോടകൻ പിന്നെ കുറേക്കാലം കൂടി താളുകൾക്കിടയിൽ ഇഴഞ്ഞലഞ്ഞു, കിട്ടിയതിനെയൊക്കെ കൊത്തി കലിയിറക്കി. അത് മറ്റൊരു കഥ.

ഏതായാലും ആ പാമ്പ് കടി നാട്ടിൽ വിപ്ലവങ്ങൾ സൃഷ്ടിച്ചു. തോട്ടിലേയ്ക്ക് ചായിച്ച് ഓല കുത്തിച്ചാരിയ കുറെ തൂറ്റ് പുരകൾ നാട്ടിൽ പുരോഗമനത്തിന്റെ വിത്തുകൾ പാകി. ഈ പുരകളിലെ സമാന്തരങ്ങൾക്ക് നിർവചനമായ പാലങ്ങളിൽ സമതുലനം ചെയ്തിരുന്ന് നാട്ടുകാർ പുരോഗതിയിലേക്ക് ഉറ്റുനോക്കി അപ്പിയിറക്കി. ചില പാരമ്പര്യ വാദികൾ പിന്നെയും കാട്ട് താളുകൾക്കിടയിൽ ആപച്ഛങ്ക വെടിഞ്ഞ് ഗവേഷണം തുടർന്നു.

മോഹനൻ പിള്ളയെ ഏറ്റവും ചൊടിപ്പിച്ചിരുന്നത് നാരായണന്റെ അസ്ഥാനത്തുള്ള ഉപദേശങ്ങളോ മുന്നറിയിപ്പുകളോ ഒന്നുമായിരുന്നില്ല, പിന്നെയോ - ഓരോ ദുര്ര്യോഗത്തിന് ശേഷവും "ഞാൻ പറഞ്ഞതല്ലേ?" എന്ന ഭാവവും പിന്നെ നാട്ടുകാരും വീട്ടുകാരും ബഹുമാനത്തോടെ "പിള്ളേച്ചോ" എന്ന് അഭിസംബോധന ചെയ്യുമ്പോൾ നാരായണന്റെ മാത്രം "മോഹനാ" എന്ന വിളിയും. ഇക്കാരണങ്ങളാൽ എങ്ങനേലും നാരായണനെ താഴ്ത്തികെട്ടാൻ കിട്ടിയ അവസരങ്ങൾ പിള്ള വിട്ടു കളഞ്ഞില്ല. ഒരു ദിവസം പാഠപുസ്തകത്തിലെ ഇങ്ഗ്ലിഷ് പദ്യം മന:പ്പാഠമാക്കിക്കൊണ്ടിരുന്ന എന്നെ പിള്ള ശകാരിച്ചു "ഉറക്കെ വായിക്കടാ!" ഇതെന്ത് പറ്റി ഇങ്ങേർക്ക് എന്ന് വിചാരിച്ച് പുറത്തേക്ക് നോക്കിയപ്പോൾ കണ്ടു നാരായണൻ മുറ്റം വഴി കടന്ന് പോവുന്നത്. "ശരി അച്ഛാ" എന്ന് പറഞ്ഞ് ഞാൻ ചൊല്ലി,

"ഓ ലുക്ക്‌ അറ്റ്‌ ദ മൂണ്‍
ഷീ ഈസ്‌ ഷൈനിങ്ങ് അപ്പ്‌ ദേർ
ഓ മദർ, ഷീ ലൂക്സ് ലൈക്‌ ട്രാപ്ഡ്‌ ഇൻ ദ എയർ .."

പിള്ള നാരായണനെ നോക്കി "കണ്ടില്ലേടാ നിനക്കൊക്കെ എന്തറിയാം" എന്ന മട്ടിൽ ഇരുന്നു. വ്യംഗ്യം മനസ്സിലായ നാരായണൻ "ഒവ്വ ഒവ്വ" എന്ന് ആക്കി നടന്ന് മറഞ്ഞു.

ഇങ്ങനെ ഒളിഞ്ഞും തെളിഞ്ഞും അവസരം കിട്ടുമ്പോഴൊക്കെ നാരായണനെ ഇകഴ്ത്തി പിള്ള ആശ്വസിച്ചു. "ക്ണാപ്പൻ", "കോപ്പൻ", "മരംവെട്ടി" എന്നിങ്ങനെ വിശേഷിപ്പിച്ചും, മുഷിഞ്ഞ തോർത്തിന്റെയും കുളിക്കാൻ മറന്ന ദേഹത്തിന്റെയും സാമീപ്യത്തിൽ മൂക്ക് ചുളിച്ച് പ്രതിഷേധിച്ചും.

ഇരുണ്ട് ചുളിഞ്ഞ ചുള്ളിക്കമ്പ് പോലുള്ള ദേഹവും, നീട്ടി വളർത്തിയ നരച്ച മുടിയും താടിയും, തിളങ്ങുന്ന ചാരക്കണ്ണുകളും ആയിരുന്നു നാരായണന്റേത്. മനോരാജ്യം വാരികയിലെ കരുവാറ്റ ചന്ദ്രന്റെ ചിത്രകഥയിലെ നാറാണത്ത് ഭ്രാന്തനെ അനുസ്മരിപ്പിക്കുന്ന രൂപം. മുടിക്കാടുകൾക്കിടയിൽ ഗോട്ടി പോലെ തിളങ്ങുന്ന കവിളുകളാൽ പ്രദർശിപ്പിച്ച എപ്പോഴും കളിയാടുന്ന ഒരു പുഞ്ചിരി അല്ലെങ്കിൽ ആകുമായിരുന്ന ഭീഭത്സത ആ മുഖത്ത് നിന്നും നീക്കി.

രൂപത്തിലും ഭാവത്തിലുമുള്ള ദൈവീകത്വമോ, പുരാണ ഗീത ഉപനിഷത് അറിവുകളോ ആയിരുന്നില്ല ഗുരുവെന്ന നിലയിൽ നാരായണനെ പ്രതിഷ്ഠിക്കാനുള്ള എന്റെ കാരണങ്ങളിൽ ഒന്നും. ഇതൊന്നും നാരായണന് ഒട്ടില്ലായിരുന്നു താനും. പക്ഷെ യുക്തി, പിന്നെ വൈജ്ഞാനികമായി അപഗ്രഥിക്കാനുള്ള കഴിവ് ഇത് രണ്ടും ആവോളമുണ്ടായിരുന്നു.

പലപ്പോഴും കണ്ടിരുന്നെങ്കിലും ചിരിച്ചിരുന്നെങ്കിലും ഞങ്ങൾ പരസ്പരം പേരെടുത്ത് സംബോധന ചെയ്തിരുന്നില്ല. ശ്രദ്ധ ക്ഷണിക്കാൻ 'ഓയ്‌ ഓയ് ' എന്ന സാമാന്യ സംബോധനം ധാരാളമായിരുന്നു. ഒരു ദിവസം ഞാൻ നാരായണനെ വിളിച്ചു.

"ഓയ്" 

നാരായണൻ തിരിഞ്ഞു നോക്കി. ചിരിച്ചു.

"ഒരു കാര്യം അറിയാനായിരുന്നു.."

"എന്നത്?"

പല്ലുവേലി വഴി പോയാൽ അടി കിട്ടി ആശുപത്രിയിൽ കിടക്കേണ്ടി വരുമെന്നും പിള്ളയെ പാമ്പ് കടിക്കുമെന്നും എങ്ങനെ നാരായണൻ ഊഹിച്ചു എന്നാണ്  എനിക്കറിയേണ്ടിയിരുന്നത് .

നാരായണൻ പറഞ്ഞു, "അതിലിത്ര ഊഹിക്കാനെന്ത്? അനിയച്ചാർ ചേട്ടച്ചാരുടെ ഉടുപ്പിട്ടോണ്ടല്ലേ പോയിരുന്ന് കള്ള് കുടിച്ച് ചീട്ട് കളിച്ച് വഴക്കുണ്ടാക്കിയത്‌?"

അത് ശരി. അപ്പോൾ അതായിരുന്നു കാരണം. മോഹനൻ പിള്ളയുടെ അനിയൻ വിജയൻ തലേന്ന് ചേട്ടന്റെ ഷർട്ടുമിട്ടോണ്ട് പോയി പല്ലുവേലി വെളിയിലിരുന്നു ചീട്ട് കളിച്ച് അടിയുണ്ടാക്കിയത്രെ. പിറ്റേന്ന് അതേ ഷർട്ടുമിട്ട് പോയ മുഖസാദൃശ്യമുള്ള പിള്ളയെ  ആള് തെറ്റി അടിച്ചതിൽ എന്തത്ഭുതം!

"അപ്പോൾ അച്ഛനെ പാമ്പ്‌ കടിക്കും എന്ന് മുൻകൂട്ടി അറിഞ്ഞതോ?"

"മറിയാമ്മയുടെ കോഴി പരക്കം പായണത് ഞാൻ തലേന്ന് തെങ്ങേലിരുന്നു കണ്ടതല്ല്യോ ?"

 ഓ! ശരിയാണ് കാട്ട്താളുകൾക്കിടയിൽ ചിക്കിപ്പെറുക്കി  ചുണ്ടേ ചായം പുരട്ടി വരാറുള്ള  കോഴികളിലൊന്നിനെ കാണാനില്ല എന്ന്  മറിയാമ്മ പരിദേവനം പറഞ്ഞത് എനിക്കോർമയുണ്ട്.

ഗുരുവേ നമോവാകം!


... തുടരും.

No comments:

Post a Comment