ഗുരുപുരാണം - രണ്ട്.
വാ കീറിയവൻ വരമരുളും!
"പാൽപ്പൊടി വേണോ" എന്ന വിളി കേട്ടാണ് ഉണർന്നത്. വേലിക്ക് പുറത്തേക്ക് നോക്കിയപ്പോൾ കണ്ടത്, പത്തൽ തലപ്പുകൾക്ക് മുകളിൽ ഉയർന്ന് നില്ക്കുന്ന ഒരു വാരിക്കുട്ടയും അതിൽ നിറയെ സാധനങ്ങളും. ആദ്യം വിചാരിച്ചത് മണ്‍കലമോ പാത്രങ്ങളോ വിൽക്കാൻ വന്നവരാരോ ആണെന്നാണ്. അല്ല, തലയിൽ കുട്ടയുമേന്തി പരശുരാമ ഗുരുവിന്റെ ഭാര്യ ഭാർഗ്ഗവി. വാരിക്കുട്ട നിറയെ അമൂൽ, ബോണ്‍വിറ്റ ടിന്നുകൾ. പിന്നിൽ പാൽപൊടി കൊണ്ട് കൂമ്പാരം കൂട്ടിയ കൈവെള്ള നക്കി മൂക്കള വലിച്ച് കേറ്റി രണ്ട് മക്കൾ. 'വേണ്ട പൊയ്ക്കോ' എന്ന് പറഞ്ഞ് അവരെ പറഞ്ഞയച്ച ശേഷം വരാന്തയിലെ ചാരുകസാരയിലിരുന്ന് തലേന്ന് രാത്രിയിലെ സംഭവങ്ങളും അതിലേക്ക് വഴി വെച്ച കാര്യങ്ങളും ഓർത്തെടുത്തു.
മോഹനൻ പിള്ളയുടെ രണ്ടാമത്തെ കുഞ്ഞ് പിറക്കുന്നത് നീണ്ട ഏഴ് വർഷത്തെ ഇടവേളക്ക് ശേഷമാണ്. അവൾ ജനിച്ചപ്പോൾ മുതൽ തുടങ്ങി പിള്ളയുടെ കരുതലുകളിലും നിയന്ത്രണങ്ങളിലും സാമാന്യത്തിലും വലിയ ഒരു വർധന. കുഞ്ഞ് മുട്ടിലിഴയാൻ തുടങ്ങിയപ്പോൾ പുറത്തേക്കുള്ള വാതിലുകൾക്ക് അരമുട്ട് പൊക്കത്തിൽ ബന്ധനം വെച്ചു. പിച്ച നടക്കാറായപ്പോൾ വേലിപ്പടി കെട്ടിവെച്ചു. ആരെങ്കിലും വേലിപ്പടി അടക്കാൻ മറന്നാൽ പിന്നെ അവരെ വഴക്കിടുകയായി. എന്നിട്ടും പിള്ളയുടെ ബന്ധനങ്ങളെ മറികടന്ന് കുഞ്ഞ് പലപ്പോഴും വേലിപ്പഴുതിലൂടെ വെളിയിലിറങ്ങി. റോഡിലൂടെ പോകുന്ന വാഹനങ്ങളെ പഴി പറയലായി, പിന്നെ പിള്ള. 'വേറാർക്കും പിള്ളേരില്ലേ' എന്ന നാട്ടുകാരുടെ കളിയാക്കലൊന്നും പിള്ള വക വെച്ചില്ല.
അന്യസംസ്ഥാന വാഹനങ്ങളുൾപ്പെടെ ഒട്ടേറെ വണ്ടികൾ കടന്ന് പോകുന്ന ഞങ്ങളുടെ വീടിന് മുന്നിലെ റോഡ് ദിവസങ്ങൾ കഴിയും തോറും പിള്ളയുടെ കുഞ്ഞിന്റെ മേലുള്ള ആധി അധികരിപ്പിച്ചു. അങ്ങനെ ഒരു ദിവസം വാഹനങ്ങളുടെ അഹങ്കാരത്തിന് വിരാമമിടാൻ പിള്ള തീരുമാനിച്ചു. ഒരു ദിവസം രാവിലെ എഴുന്നേറ്റ് നോക്കുമ്പോൾ കാണുന്നത് ഒരു കല്ലാശാരിയും മൈക്കാട് പണിക്കാരനും കൂടി പിള്ളയുടെ വേലിപ്പടിക്ക് മുന്നിൽ റോഡിൽ ഒരു വലിയ ബംപ് നിർമ്മിക്കുന്നതാണ്. അതു വഴി വന്ന പരശുരാമ ഗുരുവിന്റെ 'എന്നതാ മോഹനാ ഇത്' എന്ന ചോദ്യത്തിന് ഉത്തരമേകാതെ പിള്ള പൊതുവേയെന്നോണം പിറുപിറുത്തു, 'അല്ല പിന്നല്ലാതെ! അവന്മാരുടെ ഒരു സ്പീഡ്. നാട്ടുകാർക്ക് സ്വസ്ഥമായി ജീവിക്കണ്ടായോ?'. സ്വന്തം സ്വസ്ഥതയാണ് പിള്ള ഉദ്ദേശിച്ചത് എന്ന് ഗുരുവിനും നാട്ടുകാർക്കും മനസ്സിലാകാതിരുന്നില്ല. കല്ലാശാരി ചെല്ലപ്പനും മൈക്കാട് മാത്തനും തങ്ങളുടെ കരവിരുത് അതിവിപുലമായി തന്നെ പ്രകടിപ്പിച്ചു. വൈകുന്നേരത്തോടെ, മനോഹരമായ ഒരു ബംപ് ഞങ്ങളുടെ വീടിന് മുന്നിൽ പണി തീർന്നു.
മോഹനൻ പിള്ളയ്ക്ക് നാട്ടുകാരുടെ അഭിനന്ദന പ്രവാഹമായിരുന്നു, പിന്നീട്. വലിപ്പച്ചെറുപ്പഭേദമന്യേ വണ്ടികൾ പിള്ളയുടെ ബംപിന് മുന്നിൽ മുട്ട് മടക്കി. 'സ്ക്രീച്' എന്ന ശബ്ദത്തോടെ വലിയ ചരക്ക് ലോറികൾ ആ ബംപിനു മുന്നിൽ വണങ്ങി. ചിലവ 'പൊത്തോ' എന്നും 'പ്ടുക്കോ' എന്നും ബഹളമുണ്ടാക്കി തങ്ങളുടെ കടന്ന്പോക്ക് അറിയിച്ചു. പിള്ളയുടെ ആധിക്ക് ഏറെക്കുറെ ശമനമായി.
ദിവസങ്ങൾ കടന്നു പോയി. ഒരുദിവസം സന്ധ്യ മയങ്ങിയ നേരത്ത് വഴിയിൽ വെച്ച് ഞാൻ പരശുരാമഗുരുവിനെ കണ്ടു.
"ഓയ്"
"ങാ!"
"എങ്ങോട്ടാ?"
"ഭാർഗ്ഗവിയും പിള്ളേരും മഠത്തിൽ പോയിട്ട് വന്നില്ല. നോക്കിയിറങ്ങിയതാ"
പതിയാമൂല വിയാനിയമ്മയുടെ നേതൃത്വത്തിൽ പള്ളിപ്പുറം കന്യാസ്ത്രീ മഠത്തിൽ പാവപ്പെട്ടവർക്ക് എല്ലാ മാസവും ഭക്ഷ്യ സാധനങ്ങളുടെ വിതരണമുണ്ട്. കേട്ടറിഞ്ഞ് പോയതാണ് ഭാർഗ്ഗവി. മഠത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള നഴ്സറിയിൽ വെച്ചാണ് വിതരണം. അമേരിക്കൻ ബൾഗർ ഗോതമ്പ്, ചോളപ്പൊടി, പാൽപ്പൊടി പിന്നെ സോയാബീൻ എണ്ണയും നിശ്ചിത അളവിൽ എല്ലാവർക്കും കൊടുക്കും.
ഒഴിഞ്ഞ സഞ്ചിയുമായി വിഷണ്ണയായി മടങ്ങി വന്ന ഭാർഗ്ഗവിയെ ദൂരത്ത് നിന്ന് തന്നെ ഞങ്ങൾ കണ്ടു. 'കിട്ടിയില്ലേ ഭാർഗ്ഗവി' എന്ന ചോദ്യത്തിന് 'ഇല്ല' എന്ന് മറുപടി നല്കി മക്കളുടെ പാൽപ്പൊടിപൂതിക്ക് എങ്ങനെ പരിഹാരം കാണും എന്ന് ചിന്തിച്ച് ഭാർഗ്ഗവി നടന്ന് മറഞ്ഞു.
അമേരിക്കയുടെ സാമ്രാജ്യത്വ മോഹങ്ങളുടെ സാക്ഷാത്കാര വിത്തുകളെന്നു വാദിച്ച ചിലർ, അമേരിക്കയിൽ കുതിരക്ക് പോലും വേണ്ടാത്ത എച്ചിലെന്ന് പ്രചരിപ്പിച്ച മറ്റൊരു കൂട്ടർ, ദാനം വാങ്ങാൻ മടിക്കുന്ന അഭിമാനികൾ - അവരുടെ ബെനാമികൾ തിക്കിത്തിരക്കി നിന്നിടത്ത് അത്താഴപ്പട്ടിണിക്കാരി ഭാർഗ്ഗവിയുടെ ചീട്ട് തള്ളിപ്പോയത് സ്വാഭാവികം. പക്ഷെ പരശുരാമ ഗുരുവിന് അതങ്ങനെ വിടാനാവില്ലല്ലോ! സ്വന്തം ഭാര്യയും മക്കളുമല്ലേ നിരാശരരായിരിക്കുന്നത്.
എന്റെ മതിഭ്രമമാണോ അതോ ഗുരുവിന്റെ സമ്മോഹനമാണോ എന്നറിയില്ല, ഇങ്ങനുള്ള സന്ദർഭങ്ങളിൽ ഗുരുവിന്റെ സ്വരവും ഉയരവും വളരും. ഒരു മഹാമേരുവായി വളർന്നു ഗുരു ഇപ്രകാരം അരുൾച്ചെയ്തു, "വാ കീറിയവൻ വരവുമരുളും!". പിന്നെ നടന്നകന്നു.
ഗുരു പറഞ്ഞതിന്റെ അർത്ഥാനർത്ഥങ്ങൾ ആലോചിച്ച് നനഞ്ഞ് തെറ്റുന്ന റോഡിലൂടെ കുറെ ദൂരം മുന്നോട്ട് നടന്നപ്പോൾ കേട്ടു, ചെവിടടപ്പിക്കുന്ന സ്ഫോടനം. പിന്നോട്ടോടി ചെന്ന് നോക്കിയപ്പോൾ കണ്ടു, പാടത്തിന്റെ കരയിലെ പരശുരാമഗുരുവിന്റെ കുടിലിന് മുകളിലേക്ക് മറിഞ്ഞ് കിടക്കുന്ന വലിയൊരു ചരക്ക് ലോറി. അതിൽ നിന്നും ചിതറി തെറിച്ച പാട്ടകളെങ്ങും. അമുലിന്റെയും ബോണ്‍വിറ്റയുടെയും ടിന്നുകൾ. ഇരുട്ടത്ത് വന്ന ലോറിയുടെ ഡ്രൈവർ ബംപ് കണ്ടില്ല. മഴനനഞ്ഞ റോഡിലെ ഇഴുക്കലും കൂടിയായപ്പോൾ വണ്ടിയുടെ നിയന്ത്രണം പോയി. കുടിലിൽ നിന്നും ചാടിപ്പുറത്തിറങ്ങിയ ഭാർഗ്ഗവിയും മക്കളും പാൽപ്പൊടിയിൽ പുതഞ്ഞ വെള്ളപ്പൂതങ്ങൾ! ലോറിയുടെ പിന്നിൽ നിന്നും ഒരു നേർത്ത ഞരക്കം കേട്ട് ഓടിച്ചെന്ന് നോക്കിയപ്പോൾ കണ്ടു, ലോറിയിലിടിച്ച് ആകപ്പാടെ തകർന്ന ഒരു കാർ. സ്റ്റിയറിങ്ങിലേക്ക് കമഴ്ന്നു കിടക്കുന്ന ഡ്രൈവർ. ഇടിയുടെ ആഘാതത്തിൽ തൽക്ഷണം മരിച്ചു എന്നുറപ്പ്. പിൻസീറ്റിൽ നിന്നു് ഒരു സ്ത്രീയുടെ ഞരക്കം. അവരുടെ മടിയിൽ പിച്ച വെച്ച് നടക്കാറായ ഒരു കുഞ്ഞിന്റെ ചതച്ച് കൂട്ടിയ പിഞ്ചുടൽ. അതിന്റ ഒരു കയ്യിൽ ഒരു പാവയെ ഇറുകി പ്പിടിച്ചിരുന്നു. ചോര വാർന്ന മുഖത്ത് അപ്പോഴും തിളങ്ങുന്ന രണ്ട് കുഞ്ഞിക്കണ്ണൂകൾ!